Health
ജീവിതശൈലീരോഗങ്ങൾ തടയാം
കുട്ടികളിലെ പൊണ്ണത്തടി ഒഴിവാക്കാം
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക.
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക.
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക.
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്.
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക.
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക.
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്മരോഗങ്ങളുടെ പരിശോധനയും ചികിത്സയും
ശരീരം മുഴുവന് പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം... ഇവിടെയൊന്നും തടിപ്പുകള് കാണപ്പെടാനിടയില്ല.
വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള് ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള് ശരിയായി പരിശോധിച്ചാല്, ഇത് ഏത് വിഭാഗത്തില്പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയത്തിൽ എത്താനായില്ലെങ്കില് സ്കിൻ ബയോപ്സി (Skin biopsy) ചെയ്താല് നമുക്ക് രോഗം കണ്ടുപിടിക്കാന് സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനകള്, പാച്ച് ടെസ്റ്റിംഗ് എന്നിവയും നടത്തണം.
ചികിത്സ
10എഎം - 4പിഎം വരെ വെയില് ഒഴിവാക്കണം. അൾട്രാ വയലറ്റ് റേഡിയേഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ് ഉടുപ്പുകള്, കടുത്ത നിറമുള്ള തുണികള് ഇവ ഉപയോഗിക്കാന് പറയുക.
സാധാരണ ഗ്ലാസില് കറുത്ത Film ഒട്ടിച്ചാല് UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന് പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്സ്ക്രീനുകള് ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല് ഒരളവുവരെ ഈ ചര്മരോഗങ്ങള് തടയാനാവും.
വെയിലേല്ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന്-നാല് മണിക്കൂര് കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്, വെയിലേല്ക്കുന്ന ഭാഗങ്ങളില് പുരട്ടേണ്ടിവരും.
പച്ചക്കറികള്, പഴവര്ഗങ്ങള് ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില് കഴിക്കുന്ന സണ്സ്ക്രീന്സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല് ചൂടു കൂടുതലുള്ള വേനല്ക്കാലങ്ങളില് ചര്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ത്വക് രോഗ വിഭാഗം
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധാരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.
പരിഹാരവും വ്യക്തിപരം
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക.
പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക.
മൈഗ്രേനും കാഴ്ചയും
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം.
മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
പിസിഒഡി ഡയറ്റ് -3
കേക്ക്, മിഠായി, മധുരപലഹാരം -മിതമായി മാത്രം
ആന്റി ഓക്സിഡന്റുകള് സമ്പുഷ്ടമായ പഴങ്ങള് (മഞ്ഞയും ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്വിംഗ് പഴങ്ങളെങ്കിലും കഴിക്കണം. പഴങ്ങള് അഡ്രീനല് ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള് അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന് കെ, ഫോളേറ്റ്, ഇരുമ്പ് ഉള്പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള് എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള് ഉപയോഗിക്കാം. കിഴങ്ങുവര്ഗങ്ങള് (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങള്
സംസ്കരിച്ച ഭക്ഷണങ്ങള്, മധുരമുള്ള ലഘുഭക്ഷണങ്ങള്, ഫാസ്റ്റ് ഫുഡുകള്, കാര്ബണേറ്റഡ് ബിവറേജുകള്, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്, എനര്ജി ഡ്രിങ്കുകള് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
കേക്കുകള്, മിഠായികള്, മറ്റു മധുര പലഹാരങ്ങള് എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന് പാടുള്ളൂ.
കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.
ചുവന്ന മാംസം, സോസേജുകള് എന്നിവയുടെ ഉപയോഗം പിസിഒഡി സാധ്യത വര്ധിപ്പിക്കുന്നു.
ഉയര്ന്ന ഗ്ലൈസീമിക് ഇന്ഡക്സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില്നിന്ന് ഒഴിവാക്കണം. പിസിഒഡി ഉള്ള സ്ത്രീകളില് മദ്യം കരളിന്റെ പ്രവര്ത്തനം, ഹോര്മോണ് ബാലന്സ്, ഇന്സുലിന് പ്രവർത്തനം എന്നിവയെ ദോഷകരമായി ബാധിക്കും.
വിവരങ്ങൾ:
പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
കാൻസർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ
ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.
കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
സ്ക്രീനിംഗിന്റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.
ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവത്കരണത്തിന്റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്റെയും അടിയന്തര ആവശ്യകത എടുത്തുകാണിക്കുന്നു.
ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിക്കുകയാണ്.നേരത്തേയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.
ഓരോ കാൻസറിന്റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സ്റ്റേജ് 1 പോലെയുള്ള പ്രാരംഭഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്.
അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.
എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ ഇന്റഗ്രേറ്റഡ് ഹെൽത്ത്
സ്ക്രീനിംഗ് സെന്റർ താണ, കണ്ണൂർ.
ഫോൺ: 6238265965
District News
പത്തനംതിട്ട: ജില്ലയിലെ പാലിയേറ്റീവ് ബോധവത്കരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല് ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട, കാതോലിക്കേറ്റ് കോളജ് നാഷണല് സര്വീസ് സ്കീം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മാര് ക്ലീമിസ് ഹാളില് നടന്ന ചടങ്ങില് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എൽ. അനിതാ കുമാരി ഉദ്ഘാടനം നിര്വഹിച്ചു. കോളജ് പ്രിന്സിപ്പല് ഡോ. സിന്ധു ജോണ്സ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ എസ്. ശ്രീകുമാര് പാലിയേറ്റീവ് ദിനാചരണ സന്ദേശം നല്കി.
പാലിയേറ്റീവ് പരിചരണം അയല്പക്ക കൂട്ടായ്മകളിലൂടെ എന്നതാണ് ഈ വര്ഷത്തെ പാലിയേറ്റീവ് ദിനാചരണ വിഷയം. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ്, കാതോലിക്കേറ്റ് കോളജ് നാഷണല് സര്വീസ് സ്കീം പ്രോഗ്രാം ഓഫീസര് ഡോ. തോമസ് ഏബ്രഹാം, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റര് ഐശ്വര്യ എൻ. രാജ് എന്നിവര് പങ്കെടുത്തു. സിഗ്നേച്ചര് കാമ്പയിൻ, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു
Health
ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര് വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില് 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി എന്നാല് പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള് എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ... ഒറ്റയ്ക്കോ സുഹൃത്തുക്കള്ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില് ദിവസത്തില് കുറച്ചു സമയമെങ്കിലും ഏര്പ്പെടുക. മാനസിക സമ്മര്ദം കുറയട്ടെ.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം